മാധ്യമ പ്രവർത്തകനെന്ന് പറഞ്ഞ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയ തുറമുഖത്തെ സുരക്ഷാ ജീവനക്കാരൻ പിടിയിൽ

0

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെന്ന് പറഞ്ഞ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയ തുറമുഖത്തെ സുരക്ഷാ ജീവനക്കാരൻ പിടിയിൽ. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇയാളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. അതേസമയം മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ കവാടത്തിൽ മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്.

സമരമുഖത്ത് സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് അദാനി തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾ മാധ്യമ പ്രവർത്തകനെന്ന പേരിൽ വിവരങ്ങൾ ശേഖരിക്കാൻ എത്തിയത് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്ത്. പ്രസ് എന്ന് എഴുതിയ ഐഡി കാർഡ് ടാഗ് കഴുത്തിൽ തൂക്കി നിന്ന ഒരാൾ സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില മത്സ്യത്തൊഴിലാളികൾ ഇയാളെ തടഞ്ഞു വെച്ചു.

മാധ്യമപ്രവർത്തകൻ ആണെന്ന് പറഞ്ഞു ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഐഡി കാർഡ് കാണിക്കാൻ സമരക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോനിയത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി. സംഭവം ശ്രദ്ധയിൽപെട്ട വിഴിഞ്ഞം സി ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമം നടത്തിയെങ്കിലും സമരക്കാർ സമ്മതിച്ചില്ല.

തുടർന്ന് സമരക്കാർ ബലം പ്രയോഗിച്ച് ഇയാളുടെ പക്കൽ നിന്ന് നിന്ന് പ്രസ് എന്ന് എഴുതിയ ചുവന്ന ടാഗിലുള്ള ഐഡി കാർഡ് പിടിച്ചു വാങ്ങി നോക്കിയപ്പോഴാണ് ഇയാൾ അദാനിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരൻ ആണെന്ന് കണ്ടെത്തിയത്. ഗുണ്ടകളെ ഇറക്കി സമരക്കാരെ ആക്രമിക്കാനുള്ള ശ്രമം ആണ് അദാനി നടത്തുന്നത് എന്ന് സമരക്കാർ ആരോപിച്ചു. തുടർന്ന് പൊലീസ് ഏറെ നേരം നടത്തിയ അനുനയ ചർച്ചകൾക്ക് ഒടുവിലാണ് ഇയാളെ സമരക്കാർ പൊലീസിന് കൈമാറിയത്.

Leave a Reply