മോപ്പുകളില്‍ ലഹരി ഗുളികകള്‍ കടത്താൻ ശ്രമം; ഉദ്യോഗസ്ഥർ കണ്ടെടുത്തത് 22 ലക്ഷം ആംഫിറ്റമിന്‍ ഗുളികകള്‍

0

റിയാദ്: മോപ്പുകളില്‍ ലഹരി ഗുളികകള്‍ കടത്താൻ ശ്രമം. സൗദി അറേബ്യയിലേക്കാണ് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം നടന്നത്. അധികൃതരുടെ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കൊണ്ടുവന്ന 22,50,000 ആംഫിറ്റമിന്‍ ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ (GDNC) ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

നിലം തുടയ്‍ക്കാന്‍ ഉപയോഗിക്കുന്ന മോപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല് നുജൈദി പറഞ്ഞു. സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍.

തുറമുഖത്ത് എത്തിയ മോപ്പുകള്‍ ഏറ്റുവാങ്ങാനെത്തിയ ഒരു സിറിയന്‍ സ്വദേശിയെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. റിയാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു.

Leave a Reply