ഇനി മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യും

0

ഇനി മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. വീഡിയോ കോളുകൾക്കായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മീറ്റ്. കോവിഡ് കാലത്താണ് കൂടുതൽ പേർ ഗൂഗിൾ മീറ്റിലേക്ക് തിരിഞ്ഞത്. ഇതോടെ ഗൂഗിൾമീറ്റ് ലൈവ് സ്ട്രീം ചെയ്യാൻ നേരിടേണ്ടി വന്നിരുന്ന നടപടി ക്രമങ്ങൾ ലഘൂകരിക്കപ്പെടും. പണം നൽകി ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്ന വർക്ക്പ്ലേസ് അക്കൗണ്ടുകൾക്കാണ് ഈ സൗകര്യം ലഭിക്കുക.

വ്യവസായ സ്ഥാപനങ്ങൾ, സ്‌കൂളുകൾ പോലുള്ളവരാണ് അധികവും ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വർക്ക്പ്ലേസിന്റെ വ്യക്തിഗത അക്കൗണ്ടുള്ളവർക്കും ചില രാജ്യങ്ങളിൽ ഗൂഗിൾ വൺ പ്രീമിയം പ്ലാൻ അംഗങ്ങൾക്കും ഈ സൗകര്യം ലഭ്യമാകും എന്നാണ് റിപ്പോർട്ട്. സ്റ്റാർട്ടർ, ബേസിക്, ലഗസി, എസൻഷ്യൽസ് പാക്കേജുകൾ ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ല. ഗൂഗിൾ മീറ്റിലെ കൂടിക്കാഴ്ചകൾ യൂട്യൂബ് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിന് ആദ്യം തന്നെ റിക്വസ്റ്റ് അയച്ച് യൂട്യൂബ് ചാനലിന് അംഗീകാരം നേടണം.

അപ്രൂവൽ നടപടികൾ പൂർത്തിയാവാൻ 24 മണിക്കൂറെങ്കിലും എടുക്കും. ഇതിനായി ഗൂഗിൾ മീറ്റ് കോളിനിടെ താഴെയുള്ള ആക്റ്റിവിറ്റീസ് സെക്ഷനിൽ ലൈവ് സ്ട്രീം ഓപ്ഷനുണ്ടാവും. ഇത് തിരഞ്ഞെടുത്ത് ആവശ്യമുള്ള വിവരങ്ങൾ നൽകി സ്ട്രീം ആരംഭിക്കാം. മീറ്റ് എങ്ങനെ ലൈവ് സ്ട്രീം ചെയ്യാം എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗൂഗിളിന്റെ സ്പോർട്ട് പേജിൽ ലഭ്യമാണ്.

മറ്റ് ചില മാറ്റങ്ങളും ഗൂഗിൾ മീറ്റിൽ വന്നിട്ടുണ്ട്. ഗൂഗിൾ മീറ്റും വീഡിയോ കോൾ ആപ്പായ ഡ്യുവോയും ഒന്നിപ്പിക്കുകയാണെന്ന് ഗൂഗിൾ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 2021 ജൂണിൽ സ്‌കൂൾ ബോർഡ് മീറ്റിങ് പോലുള്ളവ യൂട്യൂബിൽ സ്ട്രീം ചെയ്യുന്നതിനുള്ള ഫീച്ചർ ടീച്ചർമാർക്ക് വേണ്ടി അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

ഇതാണ് ഇപ്പോൾ എല്ലാവർക്കുമായി ലഭ്യമാക്കുന്നത്. വരുന്ന ആഴ്ചകളിൽ ഇത് അർഹരായ ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങും. ബ്രേക്ക് ഔട്ട് റൂം ഫീച്ചറിലെ മാറ്റങ്ങൾ, വീഡിയോ ലോക്ക് ഫീച്ചർ പോലുള്ളവയും അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. പിക്ചർ ഇൻ പിക്ചർ മോഡ്, ഇമോജി എന്നിവയിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

Leave a Reply