മിഥുൻ പുല്ലുവഴി
ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന് കെ പി സി സിയുടെ നിര്‍ദേശം നിലനില്‍ക്കെ
കൻ്റോൺമെൻ്റ് ഹൗസിൽ രാത്രി ഗ്രൂപ്പ് യോഗം.
ഇന്നലെരാത്രി പത്തോടെയാണ് സംഭവം. പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ്റെ സാന്നിധ്യത്തിൽ പാലോട് രവി, ശബരീനാഥ്, എം.എ. വാഹിദ്, വി.എസ്. ശിവകുമാർ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് അന്വേഷണത്തിന് കെപിസിസി പ്രസിഡൻ്റ് അയച്ച സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ എത്തിയപ്പോഴേക്കും നേതാക്കൾ പല വഴിക്ക് ഓടിയതായാണ് വിവരം.
പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി പുതുപ്പള്ളിയിലും എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, മുന്‍ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുപ്പള്ളി അധ്യാപക സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ എ ഗ്രൂപ്പ് നേതാക്കള്‍ തടഞ്ഞു. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പും ഡി സി സി പുനസ്സംഘടനയും ലക്ഷ്യം വച്ചാണ് രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ എം എല്‍ എ ഫണ്ട് വിതരണത്തിന്റെ റിവ്യൂ മീറ്റിംഗ് ആയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടു.
താഴേത്തട്ടു മുതല്‍ ഗ്രൂപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ യോഗം ചേര്‍ന്നതെന്നാണ് വിവരം. സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരം യോഗം നടത്താന്‍ എ ഗ്രൂപ്പ് തിരുമാനിച്ചിട്ടുണ്ട്. പുതിയ നേതൃത്വം വന്നതിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കാര്യമായ പരിഗണന എ ഗ്രൂപ്പിന് ലഭിക്കുന്നില്ല. ഇതില്‍ വലിയ അമര്‍ഷമാണ് നേതാക്കള്‍ക്ക് ഉള്ളത്. കോണ്‍ഗ്രസ് പുനസ്സംഘടന നടക്കാനിരിക്കെയാണ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ചേര്‍ന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര്‍പ്പിച്ച പുനസ്സംഘടനാ പട്ടികയില്‍ എ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തിയില്ല എന്ന പരാതി നേതാക്കള്‍ക്കുണ്ട്.