പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ കെ.പി.സി.സി പ്രസിഡൻറിൻ്റെ റെയ്ഡ്; കെ.സുധാകരനും വി.ഡി സതീശനും തെറ്റിപ്പിരിഞ്ഞു; വെല്ലുവിളിയായി ഗ്രൂപ്പ് ഇല്ലാത്ത യുവ എം എൽ എ മാരുടെ പുതിയ ഗ്രൂപ്പ്; എ ഐ ഗ്രൂപ്പുകളെക്കാൾ ശക്തിയുമായി സതീശൻ ഗ്രൂപ്പ്

0

മിഥുൻ പുല്ലുവഴി

പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ കെ.പി.സി.സി പ്രസിഡൻറിൻ്റെ റെയ്ഡ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന കെ പി സി സിയുടെ നിര്‍ദേശം നിലനില്‍ക്കെ
കൻ്റോൺമെൻ്റ് ഹൗസിൽ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞാണ് റെയ്ഡ് നടത്തിയത്. വി.ഡി സതീശനടക്കം പത്തോളം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. 
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെപിസിസി പ്രസിഡൻ്റിൻ്റെ സെക്രട്ടറി വിപിൻ മോഹൻ  എന്നിവരാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഇവർ എത്തിയപ്പോഴേക്കും നേതാക്കൾ പല വഴിക്ക് ഓടിയതായാണ് വിവരം. പാലോട് രവിയും ശബരീനാഥും മുഖ്യ വാതിൽ വഴി പുറത്തേക്ക് ഇറങ്ങിയപ്പോൾ മറ്റുള്ളവർ പിൻ വാതിൽ വഴി രക്ഷപ്പെട്ടു. 
പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ്റെ സാന്നിധ്യത്തിൽ പാലോട് രവി, ശബരീനാഥ്, എം.എ. വാഹിദ്, വി.എസ്. ശിവകുമാർ തുടങ്ങിയവരടക്കം പത്തോളം നേതാക്കളുടെ യോഗമാണ് നടന്നത്. സതീശൻ ഗ്രൂപ്പിൻ്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇന്നലെ യോഗം നടത്തിയതെന്നാണ് വിവരം. പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രാതിനിത്യം ഉറപ്പിക്കുന്നതിനാണ് ഇവർ ഒത്തുചേർന്നത്. പുനസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി കെ.സുധാകരൻ വി.ഡി സതീശനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റേത് തണുപ്പൻ പ്രതികരണമായിരുന്നു. സതീശൻ ഗ്രൂപ്പിൻ്റെ യോഗത്തിനെതിരെ കെ.സുധാകരൻ കെ.സി വേണുഗോപാലിന് പരാതി നൽകും.

അതേ സമയം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി പുതുപ്പള്ളിയിലും എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, മുന്‍ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുപ്പള്ളി അധ്യാപക സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ എ ഗ്രൂപ്പ് നേതാക്കള്‍ തടഞ്ഞു. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പും ഡി സി സി പുനസ്സംഘടനയും ലക്ഷ്യം വച്ചാണ് രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ എം എല്‍ എ ഫണ്ട് വിതരണത്തിന്റെ റിവ്യൂ മീറ്റിംഗ് ആയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടു.

 താഴേത്തട്ടു മുതല്‍ ഗ്രൂപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ യോഗം ചേര്‍ന്നതെന്നാണ് വിവരം. സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരം യോഗം നടത്താന്‍ എ ഗ്രൂപ്പ് തിരുമാനിച്ചിട്ടുണ്ട്. പുതിയ നേതൃത്വം വന്നതിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കാര്യമായ പരിഗണന എ ഗ്രൂപ്പിന് ലഭിക്കുന്നില്ല. ഇതില്‍ വലിയ അമര്‍ഷമാണ് നേതാക്കള്‍ക്ക് ഉള്ളത്. കോണ്‍ഗ്രസ് പുനസ്സംഘടന നടക്കാനിരിക്കെയാണ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ചേര്‍ന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര്‍പ്പിച്ച പുനസ്സംഘടനാ പട്ടികയില്‍ എ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തിയില്ല എന്ന പരാതി നേതാക്കള്‍ക്കുണ്ട്.

രമേശ് ചെന്നിത്തല നേതൃത്വം നൽകിയിരുന്ന ഐ ഗ്രൂപ്പിലായിരുന്ന വി.ഡി.സതീശനും കെ.സുധാകരനും കെ.സി.വേണുഗോപാലും കെ.മുരളീധരനും ഇന്ന് ചെന്നിത്തലയ്ക്കൊപ്പമില്ല. അപ്പോൾ ചെന്നിത്തല നൽകുന്ന പട്ടിക എങ്ങനെ ഐ ഗ്രൂപ്പിന്റെ പട്ടികയാകും എന്നാണ് മറ്റുള്ളവരുടെ ചോദ്യം. അതേ സമയം ചെന്നിത്തലയുടെ അണികളെ മാത്രം ഐ ഗ്രൂപ്പായി അംഗീകരിച്ചാൽ മതിയെന്നു കെഎസ്‌യുവിലെയും യൂത്ത് കോൺഗ്രസിലെയും എ വിഭാഗത്തിന് ഗ്രൂപ്പ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭാരവാഹിത്വം വീതം വയ്ക്കുമ്പോൾ പഴയ എ, ഐ കണക്കല്ല, പുതിയ സമവാക്യങ്ങളാണ് പരിഗണിക്കേണ്ടതെന്നാണ് ഐ ഗ്രൂപ്പിലുള്ള പുതിയ വിഭാഗങ്ങളുടെ ആവശ്യം. 

കെ.കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചു പുറത്തുപോയതിനു ശേഷം കോൺഗ്രസിൽ ബാക്കിയായ ഐ ഗ്രൂപ്പുകാരെ കൂട്ടിയോജിപ്പിച്ച് വിശാല ഐ എന്ന പുതിയ കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത് 2005ൽ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലയായിരുന്നു. വിശാല ഐ പിന്നീട് കേരളത്തിലെ ഐ ഗ്രൂപ്പ് തന്നെയായി മാറി. പഴയ മൂന്നാം ഗ്രൂപ്പുകാരനായിരുന്ന ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവായി. കരുണാകരൻ–ആന്റണി അച്ചുതണ്ടിന്റെ മാതൃകയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രണ്ടറ്റത്തു നിന്ന് പാർട്ടിയെ നയിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലുമുണ്ടായ നേതൃമാറ്റം ചെന്നിത്തലയുടെ കരുത്തുചോർത്തി. വിശ്വസ്തർ എന്നു കരുതിയവർ പോലും കളം മാറ്റിച്ചവിട്ടി. 

Leave a Reply