Saturday, December 2, 2023

കാടിന്റെ നടുക്കിലൂടെ യാത്ര ചെയ്തു വേണം പുനര്‍ജനി മലയുടെ അടുത്തെത്താന്‍; ഇവിടെ പുനര്‍ജന്മമെടുക്കാം; സാക്ഷാല്‍ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍

Must Read

പാപങ്ങള്‍ ചെയ്യാതെ ഒരു മനുഷ്യ ജന്മമില്ല. അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടിയ പാപക്കറകളോടെ ഇഹ ജന്മം വെടിഞ്ഞാല്‍ അടുത്ത ജന്മത്തില്‍ പോലും ആത്മാവിനു ശാന്തി കിട്ടില്ല എന്നാണ് ഹൈന്ദവ മത വിശ്വാസം. ശാപം ഉണ്ടെങ്കില്‍ ശാപമോക്ഷവും ഉണ്ടാകും എന്ന് പറയുന്ന പോലെ ഈ ജന്മത്തില്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ മരണത്തിനു മുന്‍പ് ഇറക്കി വയ്ക്കുവാനുള്ള വഴിയാണ് തിരുവില്വാമല പുനര്‍ജനി നൂഴല്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ക്ഷേത്രത്തില്‍ ഗുരുവായൂര് ഏകാദശി നാളില്‍ നടക്കുന്ന ചടങ്ങാണ് പുനര്‍ജനി നൂഴല്‍. തിരുവില്വാമല ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്ററകലെ പ്രകൃതി രൂപപ്പെടുത്തിയ തുരങ്കമാണ് പുനര്‍ജനി. ഈ തുരങ്കത്തിന് 15 മീറ്റര്‍ നീളമുണ്ട്.

വൃതശുദ്ധിയോടെ വരുന്ന പുരുഷന്മാരാണ് പുനര്‍ജനി നൂഴുന്നത്. നൂഴുന്ന ഗുഹ, വലുപ്പം കുറഞ്ഞതും ഇരുട്ട് നിറഞ്ഞതും ആയതിനാലാണ് സ്ത്രീകളെ പുനര്‍ജനി നൂഴാന്‍ അനുവദിക്കാത്തത് 15 മീറ്റര്‍ നീളമുള്ള പുനര്‍ജനി തുരങ്കത്തിലൂടെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്ക് നൂണ്ടു കയറുന്നത്തിലൂടെ അതുവരെ ചെയ്ത പാപങ്ങളെല്ലാം നീങ്ങി പുനര്‍ജന്മം നല്കുമെന്നാണ് വിശ്വാസം. എന്നാല്‍ വിചാരിക്കുന്ന അത്ര എളുപ്പമുള്ള ഒന്നല്ല ഈ പുനര്‍ജനി നൂഴല്‍. തിരുവില്വാമല ക്ഷേത്രവും പുനര്‍ജനിയെന്ന ഈ തുരങ്കവും നൂറ്റാണ്ടുകളായി അവിടെ ഉണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി നാളില്‍ മാത്രമാണ് ഈ ചടങ്ങ് അതിന്റെ പൂര്‍ണതയില്‍ നടക്കുന്നത്. ഏകാദശി നാളില്‍ ഗുരുവായൂരിലേക്ക് തിരുവില്വാമലയില്‍ നിന്നു വില്വാദ്രിനാഥനായ ശ്രീരാമനുംതിരക്കില്‍ നിന്നു മാറി വിശ്രമിക്കാന്‍ തിരുവില്വാമലക്ക് സാക്ഷാല്‍ ഗുരുവായൂരപ്പനും വരുമെന്നാണ് സങ്കല്പം. അതിനാലാണ് ഇരു ദേവന്മാരുടെയും സാമിപ്യത്തില്‍ അന്നേ ദിവസം തന്നെ ചടങ്ങ് നടത്തുന്നത്.

കാടിന്റെ നടുക്കിലൂടെ യാത്ര ചെയ്തു വേണം പുനര്‍ജനി മലയുടെ അടുത്തെത്താന്‍. തിരുവില്വാമല – മലേശ്വമംഗലം – പാലക്കാട് റൂട്ടില്‍ ആണ് പുനര്‍ജനി ഗുഹയുടെ പ്രവേശന കവാടം. ഭക്തര്‍ ഏറെ ശ്രമപ്പെട്ട് ഇരുന്നും കമഴ്ന്ന് കിടന്നും നിരങ്ങിയുമാണ് പുനര്‍ജനി നൂഴുന്നത്. ഈ ഗുഹയില്‍ നിന്നും പുണ്യ പാവന ഭൂമിയായ കാശിയിലേയ്ക്കും രാമേശ്വരത്തേയ്ക്കും വഴിയുണ്ടെന്ന് വിശ്വസിക്കുന്നു. ഭൂതമല, വില്വമല, മൂരിക്കുന്ന് എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ് തിരുവില്വമലയായി അറിയപ്പെടുന്നത്. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി നൂഴുന്നതിനായി ഗുഹയിലെത്താന്‍ . ഒരു പ്രാവശ്യം പുനര്‍ജനി നൂഴ്ന്നാല്‍ ഒരു ജന്മം അവസാനിച്ചെന്നും അടുത്ത ജന്മത്തില്‍ പ്രവേശിച്ചെന്നുമാണ് സങ്കല്പം. എല്ലാവര്‍ഷവും ഏകാദശി നാളിലാണ് പുനര്‍ജനി ഗുഹ താണ്ടുന്നതിനായി ഭക്തര്‍ എത്തുന്നത്. അതിന് മുമ്പായി, ചെയ്തു കൂട്ടിയ പാപങ്ങള്‍ ശമിപ്പിക്കുന്നതിനായി വൃതം ആരംഭിച്ചിരിക്കും.

വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടി പ്രേതങ്ങള്‍ക്ക് മുക്തിലഭിക്കുന്നതിനുവേണ്ടി മഹാവിഷ്ണുവിന്റെ അംശാവതാരമായ പരശുരാമന്‍ ദേവന്മാരുടെ രാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട് നിര്‍മ്മിക്കുകയും ചെയ്തതാണ് പുനര്‍ജനി ഗുഹ എന്നാണ് ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചു വരുന്ന ഐതിഹ്യം. അതിനാല്‍ തന്നെ പുനര്‍ജനി താണ്ടുന്ന സകല ജീവജാലങ്ങള്‍ക്കും പൂര്‍ണ്ണ മുക്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഏറെ ശ്രമകരമെങ്കിലും പ്രതിവര്‍ഷം പതിനായിരങ്ങളാണ് വൃശ്ചികമാസത്തില്‍ പുനര്‍ജനി നൂഴാന്‍ എത്തുന്നത്. ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്ക് ശേഷമാണ് പുനര്‍ജനി യാത്ര ആരംഭിക്കുക ഇതിനു മുന്നോടിയായി ക്ഷേത്രം മേല്‍ശാന്തി തീര്‍ത്ഥം തളിച്ച് പുനര്‍ജനി ഗുഹ പവിത്രമാക്കുന്നു.

ക്ഷേത്ര ദര്‍ശനത്തിന് ഒടുവില്‍ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്ത്ഥത്തില്‍ സ്പര്‍ശിച്ച ശേഷമാണ് പുനര്‍ജനി നൂഴല്‍ ആരംഭിക്കുന്നത്. പുലര്‍ച്ചെ 5 മണിയോടെ നൂഴല്‍ ചടങ്ങുകള്‍ ആരംഭിക്കും പുനര്‍ജനി ഗുഹയോടു ചേര്‍ന്ന് കിഴക്ക് വശത്തായി പാപനാശിനി ക്ഷേത്ര ജലാശയം ഉണ്ട്. ഒരിക്കലും വറ്റാത്ത ജല ഉറവയായ ഇതില്‍ ഗംഗയുടെ അംശം ഉണ്ടെന്ന് പറയപ്പെടുന്നു. പരസ്പരം സഹായിച്ചുകൊണ്ടുമാത്രമേ ഓരോ വ്യക്തിക്കും പുനര്ജനി പ്രവേശനം നടത്താനാവൂ. സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പോകുമ്പോള്‍ പരസ്പരം ഓരോ വ്യക്തിയും സഹായിക്കുന്നു. പലസ്ഥലത്തും മലര്‍ന്നും കമിഴ്ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്‌കരമായ പാറ കയറാന്‍ . ഈ യാത്രയില്‍ ഓരോ ഭക്തനും മുതല്‍കൂട്ടാകുന്നത് പരസ്പര സഹായമാണ് .ഏകദേശം 20 മുതല്‍ 25 മിനുട്ട് വരെ എടുത്താണ് പുനര്‍ജനി നൂഴുന്നത്.

Leave a Reply

[the_ad_group id="82553"]

Latest News

‘ഒരു പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെടുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി; പോക്‌സോ കേസ് എടുക്കുന്നത് എന്തിന് ‘? എം കെ മുനീര്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി മുസ്ലീം ലീഗു നേതാവും എംഎല്‍എയുമായ എംകെ മുനീര്‍. ഒരു പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്?...
[the_ad_group id="82553"]

More News