നാളെ വ്യാഴം മാറുന്നു; ചില രാശിക്കാരുടെ ജീവിതവും

0

2021 നവംബർ 20 നു വ്യാഴം ഇപ്പോൾ സഞ്ചരിക്കുന്ന മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. 2022 ഏപ്രിൽ 13 വരെ കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ഈ കാലയളവിലെ ഫലങ്ങൾ ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം.

ഈ മാറ്റത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും രണ്ടുവാക്ക് പറയാം. നവഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങളുടെയും അധിപൻ ( സർവ്വേശ്വരകാരകൻ ) എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ഗുരു (ദേവഗുരു) എന്നും ബ്രിഹസ്പതി എന്നും വ്യാഴത്തെ വിളിക്കാറുണ്ട്. ഓരോ ജീവികളുടെയും ശരീരവും മനസ്സും ഗ്രഹങ്ങളുടെ സഞ്ചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന തത്വമാണ് ഈ മാറ്റം നമുക്ക് പ്രസക്തമാക്കുന്നത്. എല്ലാ ഗ്രഹങ്ങളുടെയും കാരകത്വം ഉള്ളതുകൊണ്ട് ഈ ഒറ്റ ഗ്രഹത്തിന്റെ മാറ്റം പൊതുവിൽ വളരെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് ‘ വ്യാഴമാറ്റ ഫലത്തിന്റെ’ മറ്റൊരു പ്രസക്തി. ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൾ മുൻപ് ഇതിന്റെ മാറ്റം പ്രകടമായി തുടങ്ങും എന്നതുകൊണ്ട് നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ ഒന്ന് കണ്ണോടിച്ചാൽ നവംബർ 6 മുതൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചുകാണും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മേടം രാശിക്ക് കുംഭത്തിൽ നിൽക്കുന്ന വ്യാഴം പതിനൊന്നാം ഭാവത്തിലാണ് വരുന്നത്. പതിനൊന്നാം ഭാവം നമ്മുടെ അഭീഷ്ടങ്ങളെയും ആഗ്രഹങ്ങളെയും അവയുടെ സാഫല്യത്തെയും സൂചിപ്പിക്കുന്നു എന്നതുകൊണ്ട് ആഗ്രഹസഫലീകരണം ആണ് ഫലം. ഈ രാശിക്കാർക്ക് കണ്ടകശ്ശനി കാലമായതിനാൽ ആ ദോഷം ഉണ്ടാകുമെങ്കിലും പൊതുവെ നല്ല സമയമായി കണക്കാക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗവും, രോഹിണിയും, മകയിരം ആദ്യപകുതിയും)

ഇടവം രാശിക്ക് വ്യാഴം പത്താം ഭാവത്തിലാണ് വരുന്നത്. പത്താം ഭാവം കർമ്മഭാവം എന്ന് പറയുന്നതിനാൽ ഈ കാലയളവിനെ ‘കർമ്മവ്യാഴം’ എന്ന് പറയുന്നു. കർമ്മസംബന്ധമായ പിരിമുറുക്കങ്ങൾ വർദ്ധിക്കും , മേലധികാരിയുടെ അപ്രീതി സമ്പാദിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിവരും, തന്മൂലം സ്ഥാനഭ്രംശം(Depromotion/transfer) ഉണ്ടാകാം എങ്കിലും പൊതുവിൽ ഗുണദോഷസമ്മിശ്രമായ ഒരു കാലയളവായിരിക്കും ഇത്.

മിഥുനം രാശി ( മകയിരത്തിന്റെ അവസാനപകുതിയും, തിരുവാതിര, പുണർതം ആദ്യമുക്കാൽ ഭാഗവും)

മിഥുനം രാശിക്ക് വ്യാഴം ഒൻപതാം ഭാവത്തിലാണ് വരുന്നത് ഒൻപതാം ഭാവം ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാഗ്യാനുഭവങ്ങൾ( Fortunate period) പ്രതീക്ഷിക്കാം. ഇവർക്ക് ജന്മരാശിയിലേക്കു വ്യാഴദൃഷ്ടി കൂടി വരുന്നുണ്ട്. മിഥുനം രാശിക്കാർക്ക് അഷ്ടമശ്ശനി ദോഷമുണ്ടെങ്കിലും പൊതുവിൽ വിശേഷപ്പെട്ട സമയമാണ് ഇത്.

കർക്കിടകം രാശി ( പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് വ്യാഴം എട്ടാം ഭാവത്തിലേക്കാണ് വരുന്നത്. ‘ അഷ്ടമഹരിതോ ബാലി’ എന്നൊരു ചൊല്ലുണ്ട്. അഷ്ടമത്തിൽ വ്യാഴം വന്നപ്പോൾ വാനരശ്രേഷ്ഠനായ ബാലിക്ക് ഒളിയമ്പുകൊണ്ടു എന്നാണ് ഈ സമയത്തെ ഉപമിച്ചിരിക്കുന്നത്. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ, ഭയം ഇവ വരാം. ഇവർക്ക് കണ്ടകശ്ശനി കാലം കൂടിയാണ്. വളരെ ശ്രദ്ധ വേണ്ട സമയമാണ് ഇത്.

ചിങ്ങം രാശി ( മകവും , പൂരവും, ഉത്രത്തിന്റെ ആദ്യ കാൽഭാഗവും)

ചിങ്ങം രാശിക്കാർക്ക് വ്യാഴം ഏഴാം ഭാവത്തിലേക്കാണ് വരുന്നത്. ഏഴാം ഭാവം സൂചിപ്പിക്കുന്നത് ജീവിതപങ്കാളിയെയാണ്. അതുകൊണ്ടുതന്നെ വിവാഹം നടക്കുക ദാമ്പത്യസൗഖ്യം, മനസ്സന്തോഷം, എന്നിവയാണ് ഫലങ്ങൾ. ഇവർക്ക് ജന്മരാശിയിലേക്കു വ്യാഴദൃഷ്ടി കൂടി വരുന്നുണ്ട്. പൊതുവിൽ വിശേഷപ്പെട്ട ഒരു ഗ്രഹസ്ഥിതിയാണ് ഇത്.

കന്നി രാശി ( ഉത്രത്തിന്റെ അവസാന മുക്കാൽ ഭാഗവും, അത്തവും , ചിത്തിര ആദ്യപകുതിയും)

കന്നി രാശിക്കാർക്ക് വ്യാഴം ആറാം ഭാവത്തിലേക്കാണ് വരുന്നത്. ആറാം ഭാവം സൂചിപ്പിക്കുന്നത് രോഗം, ശത്രു, കടം എന്നിവയാണ്. ഇവമൂലമുള്ള സന്താപം അനുഭവവേദ്യമാകുന്ന ഒരു കാലമാണ് ഇത്. വളരെ ശ്രദ്ധ വേണ്ട കാലമാണ് ഇത്.

തുലാം രാശി ( ചിത്തിര അവസാന പകുതിയും, ചോതിയും, വിശാഖം ആദ്യമുക്കാൽ ഭാഗവും )

തുലാം രാശിക്ക് വ്യാഴം അഞ്ചാം ഭാവത്തിലേക്കാണ് വരുന്നത്. അഞ്ചാം ഭാവം സുകൃതം, പുണ്യം, ബുദ്ധി, സന്താനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധിക്കു ഉണർവും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും, സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷവും ഉണ്ടാകുന്ന കാലയളവാണ്. ഇവർക്ക് ജന്മരാശിയിലേക്കു വ്യാഴദൃഷ്ടി കൂടി വരുന്നുണ്ട്. തുലാം രാശിക്കാർക്ക് കണ്ടകശ്ശനിയുടെ ദോഷം ഉണ്ടെങ്കിലും, പൊതുവിൽ വിശേഷപ്പെട്ട സമയമാണ് ഇത്.

വൃശ്ചികം രാശി ( വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട )

വൃശ്ചികം രാശിക്കാർക്ക് വ്യാഴം നാലാം ഭാവത്തിലേക്കാണ് വരുന്നത്. ഇത് ക്ലേശങ്ങൾ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതിയാണ്. ‘ ചതുർഥോ പാണ്ഡവ ഭ്രഷ്ട’ എന്ന് പറഞ്ഞിരിക്കുന്നു, പാണ്ഡവർക്ക് രാജ്യം നഷ്ടപ്പെട്ട സമയം. എങ്കിലും ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ കണ്ടുവരാറുണ്ട്. മൂന്നിലെ ശനി അനുകൂലമാണെങ്കിലും മനഃസ്വസ്ഥത പൊതുവെ ഇക്കാലത്തു ലഭിക്കാൻ സാധ്യത കുറവാണ്..

ധനു രാശി ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ കാൽഭാഗം)

ധനു രാശിക്കാർക്ക് മൂന്നാം ഭാവത്തിലേക്കാണ് വ്യാഴം വരുന്നത്. ‘മൂന്നിലെ വ്യാഴം മുറവിളി കൂട്ടും’ എന്നൊരു ചൊല്ലുണ്ട്. ആകെ കുഴപ്പത്തിലാകുമ്പോളാണല്ലോ മുറവിളി കൂട്ടുന്നത്. ശാരീരിക അസ്വസ്ഥതകളും, മാനസികപ്രയാസങ്ങളും ഉണ്ടാകും. ധനുരാശിക്കാർക്കു ഏഴരശ്ശനി അവസാനം കൂടിയുള്ളതിനാൽ അത്യന്തം ശ്രദ്ധ വേണ്ട കാലമാണ്.

മകരം രാശി ( ഉത്രാടം മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരം രാശിക്കാർക്ക് രണ്ടാം ഭാവത്തിലേക്കാണ് വ്യാഴം വരുന്നത്. രണ്ടാം ഭാവം ധനസ്ഥാനം എന്നാണ് പറയുന്നത്. വ്യാഴത്തിന്റെ രണ്ടിലേക്കുള്ള മാറ്റം സാമ്പത്തിക ലാഭത്തിനുള്ള അവസരം നൽകുന്നു. ഇത് നല്ല ഗ്രഹസ്ഥിതിയാണ്. മകരം രാശിക്കാർക്ക് തുടർന്നുകൊണ്ടിരിക്കുന്ന ജന്മശനിക്ക് ഇതൊരു ആശ്വാസം നൽകും.

കുംഭം രാശി (അവിട്ടം അവസാനപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ ഭാഗം )

കുംഭം രാശിക്കാർക്ക് വ്യാഴം ജന്മരാശിയിലേക്കാണ് വരുന്നത്. ഇതിനെ ‘ ജന്മവ്യാഴം ‘ എന്ന് വിളിക്കുന്നു. ‘ ജന്മേ രാമവനേ ദുഃഖം’ എന്ന് പറഞ്ഞിരിക്കുന്നു . ജന്മത്തിൽ വ്യാഴം വന്നപ്പോൾ രാമൻ വനവാസത്തിനു പോയി ദുഃഖം അനുഭവിച്ചു എന്നാണ് അർഥം. പൊതുവിൽ അരിഷ്ടതകളുള്ള സമയമാണ് ഇത്., എന്നാൽ ഏഴരശ്ശനി ആരംഭകാലമായതിനാൽ ആ ദോഷവും ഉണ്ട്. ശ്രദ്ധ വേണ്ട സമയമാണ്.

മീനം രാശി ( പൂരൂരുട്ടാതി അവസാന കാൽ ഭാഗം, ഉതൃട്ടാതി, രേവതി )

മീനം രാശിക്കാർക്ക് പന്ത്രണ്ടാം ഭാവത്തിലേക്കാണ് വ്യാഴം വരുന്നത്. ഒരു വ്യാഴവട്ടക്കാലത്തിന്റെ അവസാനമാണിത്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനത്തിന് മുൻപുള്ള ഘട്ടം. ‘ദ്വാദശോ രാവണോ ഹന്തി’ എന്നൊരു ചൊല്ലുണ്ട്. പന്ത്രണ്ടിലെ വ്യാഴം നൽകിയ വിപരീതബുദ്ധിയാണ് രാവണന്റെ ജീവനെടുത്തത് എന്നാണ് അർഥം. ഇത് അത്ര നല്ല സമയമല്ല. തീരുമാനങ്ങൾ പിഴയ്ക്കും, വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ആപത്തുകൾ, വീഴ്ചകൾ ഇവയുണ്ടാകാം. പതിനൊന്നാമത് ഭാവത്തിൽ ശനി നില്കുന്നത് ആശ്വാസം നൽകും. ജാഗ്രത ആവശ്യമുള്ള സമയമാണ്.

ഇവയൊക്കെയാണ് സാമാന്യഫലങ്ങൾ. ജാതകപ്രകാരം നല്ല ദശ, അപഹാരം ഇവ നടക്കുന്നവർക്ക് ദോഷഫലങ്ങൾ കുറയാം, നല്ല ഫലങ്ങൾ കൂടുകയും ചെയ്യാം. അതുപോലെ മോശം ദശ, അപഹാരം നടക്കുന്നവർക്ക് ദോഷഫലങ്ങൾ കൂടുകയും, നല്ലഫലങ്ങൾ കുറയുകയും ചെയ്യാം.

Leave a Reply