ദമാം ∙ കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി വേലാട്ടുകുഴിയിൽ സമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിൽ 2 മലയാളികൾ ഉൾപ്പെടെ 6 പ്രതികൾക്കു ദമാം ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.
തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മൽ ഹമീദ്, സൗദി പൗരന്മാരായ ഹുസൈൻ, അസ്‌വദ്, ഇദ്‌രീസ് (അബു റവാൻ), അലി എന്നിവർക്കാണ് വധശിക്ഷ. 5 വർഷം മുൻപ് ജുബൈലിലെ വർക് ഷോപ്പ് മേഖലയിലെ മാലിന്യത്തൊട്ടിക്കു സമീപം സമീറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഹവാല ഏജന്റായിരുന്ന സമീറിനെ സ്വദേശി പൗരന്മാർ തട്ടിക്കൊണ്ടുപോയി 3 ദിവസം ബന്ദിയാക്കിയെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്നുള്ള മർദനത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നാണു നിഗമനം. സംഘത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയത് നിസാമും അജ്മലുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അപ്പീൽക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി മുഖേന സൗദി ഭരണാധികാരിക്കു ദയാഹർജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതികളുടെ കുടുംബാംഗങ്ങൾ. എന്നാൽ ഭാര്യയും 2 ചെറിയ കുട്ടികളുമടങ്ങുന്ന സമീറിന്റെ കുടുംബം മാപ്പ് നൽകാൻ തയാറായാൽ മാത്രമേ ദയാഹർജി ഫലം കാണൂ.