തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
English summary
With the effect of the water hike announced by the state government before the assembly elections