തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ഉടൻ രാജിവെക്കുമെന്ന് സൂചന. ലോകായുക്ത വിധി അതേപടി തള്ളി മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാനില്ല എന്ന നിലപാടിലേക്ക് സിപിഎം എത്തിയതോടെയാണ് ജലീൽ രാജിക്കാര്യം ആലോചിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിച്ചാൽ പോലും രാജി വേണ്ട എന്ന തീരുമാനം എടുത്തിട്ടില്ലെന്നു സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി.
സർക്കാരിന്റെ കാലാവധി ഏതാണ്ടു തീർന്ന സാഹചര്യത്തിൽ രാജി പ്രയാസമുള്ള കാര്യമല്ലല്ലോ എന്നു പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഉത്തരവിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടി വരും. ആ സാങ്കേതികത്വം പൂർത്തീകരിക്കും.
ഹൈക്കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം പാർട്ടി അംഗീകരിക്കുന്നു.
ജലീലിനെ വഴിവിട്ടു സംരക്ഷിക്കേണ്ട കാര്യമില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ വാക്കുകളിൽ മറ നീക്കിയത്. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു തന്നെ ബേബി വെളിപ്പെടുത്തി. ലോകായുക്ത വിധിയെ തന്നെ ചോദ്യം ചെയ്തുള്ള മന്ത്രി എ.കെ. ബാലന്റെ വാദമുഖങ്ങൾ ബേബി തള്ളി. അതു നിയമമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും പറഞ്ഞു.
അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ജലീലിനു നൽകുന്ന സംരക്ഷണം എന്ന പ്രശ്നം പാർട്ടിക്കു മുന്നിലുണ്ട്. അതേസമയം മന്ത്രി സ്ഥാനത്തു തുടരാൻ പാടില്ലെന്ന ലോകായുക്തയുടെ വിധി അൽപം കടന്നു പോയോ എന്ന സന്ദേഹവും ഉണ്ട്.
ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ പിന്നെ രാജി അല്ലാതെ വേറെ വഴിയില്ലാതെ വരും. സ്റ്റേ ചെയ്താൽ ധാർമികതയുടെ പേരിൽ എന്നിട്ടും രാജിവച്ചു എന്ന പ്രഖ്യാപനം വന്നാൽ അദ്ഭുതപ്പെടാനില്ല.
വീണ്ടും എൽഡിഎഫ് സർക്കാർ വന്നാൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതും ലോകായുക്ത വിധിയും തമ്മിൽ ബന്ധമുണ്ടാകില്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. ചികിത്സയിലുള്ള മുഖ്യമന്ത്രിയുമായി വിശദ ചർച്ച നടത്താൻ കഴിയാത്തതിന്റെ പരിമിതിയും സിപിഎമ്മിന് ഇപ്പോഴുണ്ട്.
കേസ് നടത്തിപ്പിൽ ജലീലിന് വീഴ്ച
പാർട്ടിയോ മന്ത്രിയോ ഈ കേസ് ഗൗരവത്തിൽ എടുത്തിരുന്നില്ല. തന്റെ ഭാഗം അവതരിപ്പിക്കുന്നതിൽ ജലീലിനു വീഴ്ച സംഭവിച്ചു. കേസിനെ അദ്ദേഹം സമീപിച്ച രീതിയിൽ തന്നെ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ഹൈക്കോടതിയിൽ അത് ഉണ്ടാകില്ലെന്നും സ്റ്റേ അനുവദിക്കുമെന്നുമുള്ള വിശ്വാസമാണ് അദ്ദേഹം പാർട്ടിയോടു പ്രകടിപ്പിച്ചത്. അതിനുള്ള സാവകാശമാണു നൽകിയിരിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രണ്ടര വയസ്സായ വിവാദം
സർക്കാരിനു തലവേദനയായി മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം കത്തിപ്പടരാൻ തുടങ്ങിയിട്ടു രണ്ടര വർഷം.നാൾവഴി ഇങ്ങനെ:
2018 നവംബർ 2: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീൽ ബന്ധുവായ കെ.ടി. അദീബിനെ നിയമിക്കാൻ ചട്ടങ്ങൾ മറികടന്ന് ഇടപെട്ടെന്നും ഇതിനായി വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്തിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണം. മന്ത്രിക്കെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെയും വിജിലൻസിനെയും ലോകായുക്തയെയും സമീപിച്ചു.
2018 നവംബർ 3: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലക്ഷ്യമാക്കിയാണ് അദീബിനു ജനറൽ മാനേജരായി ഡപ്യൂട്ടേഷൻ നിയമനം നൽകിയതെന്നു ജലീൽ. നിയമനത്തിനു യോഗ്യരായ ആരെയും കിട്ടാതായതോടെ കോർപറേഷന്റെ അഭ്യർഥനയനുസരിച്ചാണ് അദീബ് അപേക്ഷ നൽകിയത്. അന്വേഷണം ആവശ്യമില്ലെന്നും ജലീൽ.
2018 നവംബർ 13: വിവാദങ്ങളെ തുടർന്ന് അദീബ് രാജിവച്ചു.
2018 നവംബർ 14: വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു വരുത്താനുള്ള തീരുമാനം മന്ത്രിസഭ ചർച്ച ചെയ്യേണ്ടെന്നു മുഖ്യമന്ത്രിയോടു നിർദേശിച്ചതു ജലീലാണെന്ന രേഖകൾ യൂത്ത് ലീഗ് പുറത്തുവിട്ടു.
2019 ഫെബ്രുവരി 8: ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു ലോകായുക്ത സമൻസ്.
2019 മാർച്ച് 6: വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സർക്കാർ.
2019 ജൂൺ 18: നിയമനത്തിൽ അപാകതയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. മുൻവർഷങ്ങളിലെ വായ്പ ക്രമക്കേടുകളിൽ നടപടിയെടുക്കുന്നതു തടയാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്നും സർക്കാർ.
2019 ജൂലൈ 5: ബന്ധുനിയമന ആരോപണം രാഷ്ട്രീയ സ്വഭാവത്തിലല്ലേ എന്നു ഹൈക്കോടതി. പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും ഇല്ലാത്തതിനാൽ തുടർനടപടി വേണ്ടെന്നു തീരുമാനിച്ചതായി വിജിലൻസ്. പൊതുപ്രവർത്തകർക്കെതിരെ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം സാധ്യമല്ലാത്തതിനാൽ പരാതി അഡീ. ചീഫ് സെക്രട്ടറിക്കു വിട്ടിരുന്നുവെന്നും പരിശോധനയോ അന്വേഷണമോ ആവശ്യമില്ലെന്ന് അഡീ. ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടറെ അറിയിച്ചെന്നും കോടതിയിൽ ബോധിപ്പിച്ചു.
2019 ജൂലൈ 11: പി.കെ. ഫിറോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഉചിതമായ മറ്റു ഫോറങ്ങളെ സമീപിക്കാൻ തീരുമാനിച്ചെന്ന് അറിയിച്ചാണു പിൻവലിക്കാൻ അപേക്ഷ നൽകിയത്.
2019 സെപ്റ്റംബർ 6: ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഫിറോസ് നൽകിയ അപേക്ഷ ഗവർണർ തള്ളി.
2021 ഏപ്രിൽ 9: അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ലോകായുക്ത ഉത്തരവ്. മന്ത്രിക്കെതിരെ തുടർ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിക്കു നിർദേശം.
2021 ഏപ്രിൽ 11: ബന്ധു നിയമനത്തിനായി യോഗ്യത തിരുത്തിയത് മുഖ്യമന്ത്രി അംഗീകരിച്ച രേഖ പുറത്ത്.
2021 ഏപ്രിൽ 12: വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ.
English summary
There is no need to save by the way; The party also gave up; Minister KT Jalil will resign