ബറേലി: തട്ടിക്കൊണ്ടു പോയ മകളെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവ് ആത്മഹത്യ ചെയ്തു. ബറേലി മൗ ചന്ദ്പുർ സ്വദേശി ശിശുപാൽ (45) ആണ് ജീവനൊടുക്കിയത്. ഇയാളുടെ മകളായ 22 കാരിയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുറച്ച് പേർ ചേർന്ന് കടത്തിക്കൊണ്ടു പോയിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഔൻലാ പൊലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബണ്ടി, മുകേഷ്, ദിനേശ് എന്നീ മൂന്ന് പേർ ചേർന്ന് മകളെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ശിശുപാലിന്‍റെ പരാതി. എന്നാൽ കേസ് അന്വേഷിക്കാൻ രാംനഗർ പൊലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് രാം രത്തൻ സിംഗ് ഒരുലക്ഷം രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനെ തുടർന്ന് ഇയാൾ ആകെ അസ്വസ്ഥനായിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
തൂങ്ങിമരിച്ച നിലയിലാണ് ശിശുപാലിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ശിശുപാലിന്‍റെ മരണവിവരം അറിഞ്ഞ് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയ ഇയാൾ അതും പോക്കറ്റിലാക്കി കടന്നു കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട സബ് ഇൻസ്പെക്ടറെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടുവെന്ന പരാതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഇവർ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ കയ്യബദ്ധത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടതിൽ മനംനൊന്ത് മൂന്ന് സുഹൃത്തുകൾ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. നായാട്ടിന് പോയ സുഹൃത്തുക്കളിൽ ഒരാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ കുറ്റബോധത്തിൽ മറ്റ് മൂന്ന് പേരും വിഷം കഴിച്ച് മരിക്കുകയായിരുന്നു.
ഏഴ് പേരാണ് ശനിയാഴ്ച്ച ഇവർ താമസിക്കുന്ന ഗ്രാമത്തിന് സമീപമുള്ള കാട്ടിൽ നായാട്ടിന് പോയത്. നായാട്ടിനിടയിൽ സംഘത്തിലുള്ള ഒരാളുടെ കയ്യിലുണ്ടായ തോക്കിൽ നിന്ന് വെടിയേറ്റ് സുഹൃത്ത് മരിക്കുന്നത്. കയ്യബദ്ധമാണെങ്കിലും സുഹൃത്തിന്റെ മരണത്തെ തുടർന്നുണ്ടായ കുറ്റബോധം മൂലം മൂന്ന് പേരും വിഷം കുടിച്ച് മരിക്കുകയായിരുന്നു.
English summary
The father committed suicide after police demanded a bribe to search for his abducted daughter