സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന നാൽപതുകാരിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചു;പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ചു തല കീഴായി മറിഞ്ഞു

0

കടയ്ക്കൽ (കൊല്ലം) ∙ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ചു തല കീഴായി മറിഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയാറാകാതിരുന്നതോടെ നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന നാൽപതുകാരിക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു.

കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.

വീട്ടിലാക്കിയാൽ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കൽ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലൻസ് സർവീസുകളെ ഉൾപ്പെടെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.

പിന്നീട് കടയ്ക്കൽ പൊലീസ് ഇടപെട്ട് 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാൻ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറിൽ വീട്ടിലേക്കു മാറ്റുകയായിരുന്നു.

English summary

The 40-year-old woman, who was returning from a private laboratory, received a message that Kovid was positive.

Leave a Reply