കല്ലമ്പലം : ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ഓടിട്ട വാടക വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവെ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.ഇടിമിന്നലിൽ വീടിനും വയറിംഗ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചു. മകന്റെ മരണവാർത്തയറിഞ്ഞു കുഴഞ്ഞുവീണ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീനയാണ് ഭാര്യ. മക്കൾ : സഫാന, സഫ്രീന, സഫാ
English summary
safeer son of Sirajuddin, and Rahiyanam, died at Safana Manzil, Ambilimukku, Njarayilkonam.