ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറു റൺസ് ജയം

0

ചെന്നൈ: ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറു റൺസ് ജയം.

ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17-ാം ഓവർ മുതൽ മത്സരം കൈവിടുകയായിരുന്നു.

150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് സ്കോർ 13-ൽ എത്തിയപ്പോൾ തന്നെ വൃദ്ധിമാൻ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർ – മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ചേർത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു.

37 പന്തിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 54 റൺസെടുത്ത വാർണറെ പുറത്താക്കി കൈൽ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ 17-ാം ഓവറിൽ ജോണി ബെയർസ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുൾ സമദിനെയും മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.

പിന്നാലെ വിക്കറ്റുകൾ ഓരോന്നായി നിലംപൊത്തി. വിജയ് ശങ്കർ (3), ജേസൺ ഹോൾഡർ (4) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഒമ്പത് പന്തിൽ നിന്ന് 17 റൺസടിച്ച റാഷിദ് ഖാൻ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാംഗ്ലൂരിനായി ഷഹബാസ് അഹമ്മദ് മൂന്നും ഹർഷൽ പട്ടേൽ മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു.

അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ. 41 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 59 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്.

സ്കോർ 19-ൽ നിൽക്കേ 11 റൺസുമായി ദേവ്ദത്ത് പടിക്കൽ മടങ്ങി. സ്കോർ 50 കടക്കു മുമ്പ് ഷഹബാസ് അഹമ്മദും (14) പുറത്തായി.

29 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസെടുത്ത കോലിയെ ജേസൻ ഹോൾഡർ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

വാഷിങ്ടൺ സുന്ദർ (8), ഡാൻ ക്രിസ്റ്റ്യൻ (1), കൈൽ ജാമിസൺ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബാംഗ്ലൂർ ടീമിൽ രജത് പട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ ഇടംനേടി. സൺറൈസേഴ്സിൽ മുഹമ്മദ് നബിക്ക് പകരം ജേസൺ ഹോൾഡറും സന്ദീപ് ശർമയ്ക്ക് പകരം ഷഹബാസ് നദീമും ഇടംപിടിച്ചു.

English summary

Royal Challengers Bangalore beat Sunrisers Hyderabad by six runs in a thrilling match that lasted till the last over.

Leave a Reply