ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്

0

കൊച്ചി: ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങൾ തുടർച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്ഡൗൺ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. മഹേഷ് നാരായൺ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങൾ.

ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫഹദിന്റെ തീരുമാനം എന്താണെന്നുള്ള വിവരം പുറത്ത് വന്നിട്ടില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.

English summary

OTT Fahadh Fazil may be banned from acting in films

Leave a Reply