ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത് തവനൂരിലെ തിരഞ്ഞെടുപ്പു ഫലത്തിലേക്കാണ്

0

മലപ്പുറം:ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത് തവനൂരിലെ തിരഞ്ഞെടുപ്പു ഫലത്തിലേക്കാണ്. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും തവനൂരിൽ ജയിക്കുകയും ചെയ്താൽ ജലീൽ വീണ്ടും മന്ത്രിയാകുമോ? ഈ ചോദ്യത്തിനുത്തരം ഇടതുമുന്നണിയുടെ ധാർമികതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് കേന്ദ്രമന്ത്രി മുരളീധരനടക്കമുള്ളവർ പറയുന്നത്. അനർഘമായ അവസരങ്ങളുടെയും അപ്രതീക്ഷിത വിജയങ്ങളുടെയും കഥയാണ് കെ.ടി. ജലീലിന്റെ രാഷ്ട്രീയജീവിതം.

യൂത്ത്‌ലീഗ് നേതാവ്, പിന്നീട് ഫണ്ട് വിവാദത്തിൽ ലീഗിൽനിന്ന് പുറത്തുപോയപ്പോൾ താങ്ങായി ഇടതുമുന്നണിയെത്തി. വൈകാതെ കുറ്റിപ്പുറം മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരം. രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അട്ടിമറിവിജയം. ഇതോടെ ജലീൽ കേരളരാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി. വൈകാതെ മന്ത്രിയും.

‘എന്റെ രക്തമൂറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തത്കാലം ആശ്വസിക്കാം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാക്യത്തിൽ ഇതൊരു താത്കാലിക പിൻവാങ്ങൽ മാത്രമാണെന്ന സൂചനയുണ്ടെന്ന് കരുതുന്നവരുണ്ട്. തവനൂരിൽ ഇത്തവണ കടുത്ത മത്സരമാണ് ജലീലിനു നേരിടേണ്ടിവന്നത്.

ലോകായുക്തയുടെ കുറ്റാരോപണ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായ ഇടതുമുന്നണി ഈ വിഷയത്തിൽ മറിച്ചൊരു വിധിയുണ്ടാകുന്നതു വരെ ജലീലിന് വീണ്ടും അവസരം നൽകാനിടയില്ല. തവനൂരിലെ സി.പി.എമ്മിലെ ഒരുവിഭാഗം തുടക്കംമുതലേ ജലീലിന്റെ പല നിലപാടുകൾക്കും എതിരായിരുന്നു. ജലീൽ പാർട്ടിക്കതീതനായി പ്രവർത്തിക്കുന്നെന്നായിരുന്നു ആരോപണം.


ഒന്നിനുപിറകെ ഒന്നായി മന്ത്രിക്കെതിരേ ആരോപണമുയരുമ്പോഴും നേതൃത്വം ജലീലിനെ പിന്തുണയ്ക്കുന്നതിലും പ്രാദേശിക നേതൃത്വത്തിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ നിരപരാധിത്വം തെളിയിച്ചാലും ജലീലിന് തിരിച്ചുവരവ് അത്ര എളുപ്പമല്ല. തവനൂരിൽ ജയിക്കാനായില്ലെങ്കിൽ അതിലും വലിയ പ്രതിസന്ധിയിലാവും ജലീൽ.

English summary

Now the political world is looking at the election results in Thavanur

Leave a Reply