കൊച്ചി: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ കൊവിഡിന്റെ രണ്ടാം വരവിൽ വീണ്ടും പ്രതിസന്ധിയിൽ. വിഷുക്കാലത്ത് കൂടുതൽ സിനിമകൾ പുറത്തിറങ്ങിയതോടെ നഷ്ടം നികത്താൻ ഒരുങ്ങിയിറങ്ങിയ തീയേറ്ററുകൾക്ക് പുതിയ നിയന്ത്രണങ്ങൾ തിരിച്ചടിയായി.
തുറന്നിട്ട് മാസങ്ങളായെങ്കിലും സിനിമ തീയേറ്ററുകളിലെ ആളനക്കം ആരവമായിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ വിഷുച്ചിത്രങ്ങൾ നിറഞ്ഞോടിത്തുടങ്ങുന്പോഴേക്കാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുർമുഖം, നിഴൽ, കർണൻ എന്നിങ്ങനെ മികച്ച അഞ്ചോളം വിഷുച്ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകൾ കൂടിയതോടെ തീയേറ്ററുകളിൽ കാണികൾ കുറഞ്ഞു. ഈ വിധം പോയാൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഉത്സവകാലം ഗുണപ്പെടാതെ പോകുമോയെന്ന ആശങ്കയിലാണ് തീയേറ്റർ ഉടമകൾ.
റംസാൻ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളർത്തും. മലബാർ മേഖലയിൽ ഭൂരിപക്ഷം തീയേറ്ററുകളും ഈ സമയത്ത് അടച്ചിടും. തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിൽ കൂടുതൽ ചിത്രങ്ങൾ തീയേറ്ററിലെത്തിച്ചെങ്കിലും കൊവിഡും വേനൽ മഴയുമടക്കം കാണികളെ വിഷുക്കാലത്തും വീട്ടിൽത്തന്നെയിരുത്തുമോയെന്ന പേടിയിലാണ് തീയേറ്റർ ഉടമകൾ.
English summary
Movie theaters in the state, which opened after a long period of closure, are in crisis again with Kovid’s second coming