ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നതില്‍ ഒന്ന് കര്‍ണാടകയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്. രാജ്യത്തെ പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
ആളുകള്‍ സ്വയം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളേണ്ടിവരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു. കോറോണ വൈറസ് വ്യാപനം ഉള്ള ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരു, മൈസൂരു, മംഗലൂരു, കല്‍ബുര്‍ഗി, ബിഡാര്‍, തുമകുരു, ഉഡുപ്പി-മണിപ്പാല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 20വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കൃത്യമായി പാലിക്കണം. സ്വന്തം നന്മയക്കായി എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ ആരംഭിക്കും, അതിന് ജനങ്ങള്‍ ഇടനല്‍കരുത്. ആളുകള്‍ സഹകരിക്കണമെന്നും യെഡിയൂരപ്പ പറഞ്ഞു
English summary
Karnataka Chief Minister BS Yeddyurappa has warned that a lockdown will be declared in the state in the wake of Kovid cases.