ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രം. വയസ് 103. തിരക്കുകളില്ല, അണികളില്ല, എട്ട് വയസ്സുകാരി അച്ചുവും മൂന്ന് വയസ്സുകാരൻ ആദിയുമാണ് ഗൗരിയമ്മയുടെ ഇപ്പോഴത്തെ കൂട്ടുകാർ.
മായാത്ത വിപ്ലവസ്മരണകളും തുണപോലെ ഒപ്പം കരുതുന്ന ശ്രീകൃഷ്ണ വിഗ്രഹവും ചേർത്തു പിടിച്ച് കെ.ആർ.ഗൗരിയമ്മ ആലപ്പുഴയിൽ നിന്നു തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ വിപ്ലവനായികയുടെ ശിഷ്ടജീവിതം ഇനി പതിറ്റാണ്ടുകൾ പ്രവർത്തന മണ്ഡലമായിരുന്ന തലസ്ഥാനത്താണ്.
ഒന്നര പതിറ്റാണ്ട് മുമ്പ് യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് അവസാനമായി അവർ തലസ്ഥാനത്ത് താമസിച്ചത്. ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഗൗരിയമ്മ ശനിയാഴ്ചയാണ് അനുജത്തി ഗോമതിയുടെ മകൾ പ്രഫ. പി.സി. ബീനാകുമാരിയും കുടുംബവും താമസിക്കുന്ന തിരുവനന്തപുരം വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ എത്തിയത്.
ബീനാകുമാരിയുടെ മകൾ ഡോ. പാർവതിയുടെ മക്കളായ എട്ട് വയസ്സുകാരി അച്ചുവും മൂന്ന് വയസ്സുകാരൻ ആദിയുമാണ് ഗൗരിയമ്മയുടെ കൂട്ടുകാർ. അവരുടെ ചിരിയും ബഹളവുമൊക്കെ വല്യമ്മ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ബീനാകുമാരി പറഞ്ഞു. എറണാകുളത്ത് ഡോക്ടർമാരായി ജോലി ചെയ്യുന്ന പാർവതിയും ഭർത്താവ് ജിതിനും മക്കളുമായി വരുന്നത് കണക്കിലെടുത്താണ് ഗൗരിയമ്മ തിരുവനന്തപുരത്തേക്ക് എത്തിയത്. ബീനാകുമാരിയുടെ ഭർത്താവും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ഇ.എൻ.ടി സർജൻ ഡോ. ഉണ്ണികൃഷ്ണൻകൂടി അടുത്തുള്ളതിനാൽ ആരോഗ്യകാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധനൽകാനും കഴിയും. രണ്ടുദിവസംകൊണ്ട് ഭക്ഷണം കഴിക്കുന്നതിൽ താൽപര്യം വർധിച്ചിട്ടുണ്ട്. എല്ലാവരുമായി സംസാരിക്കാനും താൽപര്യമുണ്ട്.
ബീനാകുമാരിയുടെ മകൻ ടെക്നോപാർക്കിൽ എൻജിനീയറായ അരുണും ഭാര്യ ആർക്കിടെക്റ്റായ ലക്ഷ്മിയും വീട്ടിലുണ്ട്. ആലപ്പുഴയിൽ ഗൗരിയമ്മക്ക് കൂട്ടായി ചേച്ചി ഭാരതിയുടെ മകൾ ഇൻഡസും സുരക്ഷ ഉദ്യോഗസ്ഥരായ ജോണും ബ്രില്യൻറുമായിരുന്നു ഉണ്ടായിരുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുരക്ഷാ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
പ്രമേഹവും പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഗൗരിയമ്മയെ അലട്ടുന്നുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകളില്ല. പത്രം ദിനവും വായിച്ചു കേൾക്കും. രാഷ്ട്രീയ വാർത്തകളും ചോദിച്ചറിയും. അലർജിയുള്ളതിനാൽ കോവിഡ് വാക്സിൻ എടുത്തില്ല. ചാത്തനാട്ടെ വീട്ടിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ അനുഗ്രഹം തേടി അരൂർ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ഇടതു മുന്നണി സ്ഥാനാർഥികൾ വീട്ടിലെത്തിയിരുന്നു. തപാൽ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തലസ്ഥാനത്തേക്കു ചേക്കേറുന്നത്.
ഗൗരിയമ്മ കൂടി ഉൾപ്പെട്ട ആദ്യ സർക്കാർ രൂപീകരണത്തിന്റെ 60–ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് 3 വർഷം മുൻപ് അവസാനമായി തലസ്ഥാനത്തെത്തിയത്. മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതികളിലായിരുന്നെങ്കിലും അല്ലാത്തപ്പോഴെല്ലാം തിരുവനന്തപുരത്ത് വരുമ്പോൾ ഗൗരിയമ്മയുടെ താമസം ബീന കുമാരിയുടെ കുടുംബത്തിനൊപ്പമായിരുന്നു. കോവിഡ് സാഹചര്യത്തിൽ ഇവിടെയും സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
English summary
K.R. Gowriamma is the revolutionary star of Kerala politics; Age 102; Gouriamma’s current friends are eight – year – old Achu and three – year – old Adi.