കൊല്ലം: ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ തുരങ്കത്തിൽ കയറിയ കാട്ടാന പരിഭ്രാന്തി പരത്തി. ഒടുവിൽ സമീപവാസികൾ ബഹളം വച്ച് വിരട്ടിയതോടെ ട്രെയിൻ തുരങ്കത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് കാട്ടാന പുറത്തു കടന്നു.
കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിൽ ഉറുകുന്ന് ആനപ്പെട്ടകൊങ്കൽ ഒന്നാം തുരപ്പിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. പാലക്കാട് നിന്നു തിരുനെൽവേലിക്കു പോയ പാലരുവി എക്സ്പ്രസ് തുരങ്കത്തിന് അര കിലോമീറ്റർ അകലെയെത്തിയപ്പോഴും കാട്ടാന തുരങ്കത്തിനുള്ളിലായിരുന്നു.
ഉറുകുന്ന് തുരപ്പിൻപുറം പുതുവേലിൽ വീട്ടിൽ സുദർശനന്റെ പുരയിടത്തിലെ വാഴകൾ കൂട്ടമായി പിഴുതെടുത്ത് റെയിൽവേ ട്രാക്കിൽ തിന്നുകൊണ്ട് നിൽക്കവെയാണ് ട്രെയിൽ പാഞ്ഞടുത്തത്. വാഴത്തോട്ടം നശിപ്പിച്ച ആനയെ ഓടിച്ചപ്പോൾ നേരെ പോയത് തുരങ്കത്തിലേക്കാണ്.
ചൂളംവിളിയുമായി ട്രെയിൻ എത്തിയപ്പോൾ സുദർശനനും കുടുംബവും സമീപവാസികളും സമീപത്ത് ഉണ്ടായിരുന്നു. ആനപ്പെട്ടകൊങ്കൽ ഈസ്റ്റ് ആറുകണ്ണറ പാലത്തിനടുത്തെത്തിയ ട്രെയിൻ ചൂളം മുഴക്കിയതോടെ സമീപവാസികൾക്ക് അപകടം മണത്തു.
ഉടൻ തന്നെ ആനയെ തുരങ്കത്തിൽ നിന്നു പുറത്തുകടത്തുന്നതിനായി കൂട്ടത്തോടെ ബഹളം വച്ചു. ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്ക് മുൻപ് 145 മീറ്റർ ദൂരമുള്ള തുരങ്കത്തിലൂടെ ആന ഓടി മറുവശത്ത് എത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
പശ്ചിമഘട്ടം ആയതിനാൽ ഇവിടെ 40 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടിയിരുന്നത്. ഇടമൺ മുതൽ തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ വരെ കാട്ടാനക്കൂട്ടവും മറ്റു കാട്ടുമൃഗങ്ങളും റെയിൽവേ ട്രാക്ക് വഴി കടന്നു പോകുന്ന പതിവുണ്ട്. എന്നാൽ ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപ് കാട്ടാന തുരങ്കത്തിനു ഉള്ളിൽപ്പെട്ടുപോയ സംഭവം ഇത് ആദ്യമായാണ്.
English summary
Just before the train arrived, Kattana climbed into the railway tunnel and caused panic