വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെ മൂന്നു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനം; സനു മോഹനെ നാട്ടിൽ തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോയുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ബന്ധുക്കൾ ;
ഇതുവരെ പരിശോധിച്ചത് 4 അജ്ഞാത മൃതദേഹങ്ങൾ

0

കാക്കനാട്∙ മുട്ടാർ പുഴയിൽ വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെ മൂന്നു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനമായി. കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന പൊലീസ് സംഘവുമായും കാര്യങ്ങൾ ചർച്ച ചെയ്തു.

2016ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ഫ്ളാറ്റ് സമുച്ചയത്തിൽ ആൽഫാ, ബീറ്റാ എന്നീ ടവറുകളിൽ 185 ഫ്ളാറ്റുകളാണുള്ളത്. ഇതിൽ പകുതിയിൽ താഴെ മാത്രമാണ് സ്ഥിരതാമസക്കാർ. കുറെയെണ്ണം പൂട്ടിക്കിടക്കുകയാണ്. ബാക്കിയുള്ളവ വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിലുൾപ്പെട്ടവയാണ് ദിവസവാടകയ്ക്കും മറ്റും നൽകുന്നത്.

‘‘തമിഴ്നാട്ടിൽ ക്യാംപ് ചെയ്യുന്ന പൊലീസ് സംഘത്തിൽ നിന്നു വൈകാതെ നല്ല വാർത്ത എത്തുമെന്നാണ് പ്രതീക്ഷ, കാത്തിരിക്കൂ……’’ – സനു മോഹനെ തിരയുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റേതാണ് ഈ വാക്കുകൾ. വ്യക്തമായ തെളിവുകൾ ലഭിക്കുന്നില്ലെങ്കിലും മുന്നോട്ടു പോകാനുള്ള കൃത്യമായ വഴികൾ തുറന്നു കിട്ടുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈയാഴ്ച വിട്ടു പോകില്ലെന്നും കാര്യങ്ങൾക്ക് അതിനു മുൻപു തീരുമാനമുണ്ടാകുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് പൊലീസ്. ജാഗ്രതയോടെയാണ് നീക്കം.

വിവരങ്ങൾ ചോരാതിരിക്കാൻ സൂക്ഷ്മത പുലർത്തുന്നു. പലതും താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ പോലും അറിയിക്കുന്നില്ല. അന്വേഷണ വഴികൾ പത്രങ്ങളിൽ വന്നത് ആദ്യനാളുകളിൽ സനുവിനു കടന്നുകളയാനുള്ള വഴിയൊരുക്കിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മാത്രമാണ് അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറെ എല്ലാ ദിവസവും അന്വേഷണ പുരോഗതി അറിയിക്കുന്നുണ്ട്. നിഗൂഢതകൾ നിറഞ്ഞ വഴിയിലൂടെയാണ് അന്വേഷണമെന്നും വെല്ലുവിളി സ്വീകരിച്ചു മുന്നേറുകയാണെന്നും കമ്മിഷണർ എച്ച്.നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

തിരോധാനത്തിന് പിന്നിൽ മറ്റു ചിലരുടെ കൈകൾ?

സനു മോഹനെ നാട്ടിൽ തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോയുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ബന്ധുക്കൾ. വൈഗയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനും സനുവിനെ കാണാതാകുന്നതിനും 2 ദിവസം മുൻപ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഏതാനും പേർ സനുവിനെ തേടി ഫ്ലാറ്റിൽ എത്തിയിരുന്നതായി സനുവിന്റെ സഹോദരൻ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവർ മലയാളികളാണ്. സനുവിനെ ഫ്ലാറ്റിനു പുറത്തേക്കു വിളിച്ചാണ് സംസാരിച്ചത്. ഇവരെ കണ്ടെത്താനായാൽ ചിലപ്പോൾ ദുരൂഹതയുടെ ചുരുളഴിയും. പുണെയിലെ ഒരു സ്ഥാപനത്തിനു സനു പണം നൽകാനുണ്ടെന്നതു ശരിയാണ്. എന്തു പ്രശ്നത്തിന്റെ പേരിലായാലും മകളെ സനു കൊലപ്പെടുത്തുമെന്നു കരുതുന്നില്ല. വൈഗയെ സനുവിന് അത്രയ്ക്ക് ഇഷ്ടമായിരുന്നു. കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളാണ് സനുവെന്നുമാണ് സഹോദരൻ ഉൾപ്പെടെയുള്ളവരുടെ മൊഴി.

ഇതുവരെ പരിശോധിച്ചത് 4 അജ്ഞാത മൃതദേഹങ്ങൾ

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ജീവിച്ചിരുപ്പുണ്ടോയെന്ന സംശയം ഇപ്പോഴും സജീവം. സനു മോഹനുമായി സാദൃശ്യമുണ്ടോയെന്നറിയാൻ ഇതിനകം 4 അജ്ഞാത മ‍ൃതദേഹങ്ങൾ പലയിടങ്ങളിലായി പരിശോധിച്ചു. പുറത്തറിയാത്ത എന്തെങ്കിലും ഗൗരവ പ്രശ്നങ്ങളുടെ പേരിൽ മകളെ കൊലപ്പെടുത്തിയ ശേഷം സനു ജീവനൊടുക്കാനുള്ള സാധ്യത വൈഗയുടെ മൃതദേഹം കിട്ടിയ നാൾ മുതൽ ചിലർ ഉയർത്തുന്നുണ്ട്.

വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ മുട്ടാർ പുഴയിൽ സനുവിനായി 2 ദിവസം തിരച്ചിലും നടത്തിയിരുന്നു. ഇതു വിഫലമായതോടെയാണ് അന്വേഷണം മറ്റു വഴികളിലേക്കു തിരിഞ്ഞതും സനുവിന്റെ കാർ തമിഴ്നാട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നു ലഭിച്ചതും. തമിഴ്നാട്ടിലെ ഏതെങ്കിലും സ്ഥലത്തു സനു ജീവനൊടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചിരുന്നു. അവിടെയും അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. മകളുടെ ജീവനെടുത്ത ശേഷം സ്വയം ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും വ്യക്തി ജീവിതത്തിൽ ഇല്ലെന്നാണ് ഭാര്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ വ്യക്തമാക്കുന്നത്. എന്നാൽ വൻ സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ സനുവിനെ വേട്ടയാടിയിരുന്നതായും ഇവരിൽ ചിലർ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

English summary

Decision to extend probe into missing father Sanu Mohan in Vaiga drowning case to three more districts in Kerala; Relatives say Sanu Mohan should be examined for possible threats or imprisonment
So far 4 unidentified bodies have been examined

Leave a Reply