കോഴിക്കോട്: ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിംഗ്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവെച്ചതു കൊണ്ടുമാത്രം ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സി.പി.എമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
English summary
BJP state president K Surendran has demanded the resignation of the Chief Minister along with the minister for appointing an unqualified Jalil’s relative to the post of Minority Corporation General Manager.