കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ രാജ്യത്തെ വൻ നഗരങ്ങളിൽനിന്ന് മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് പലായനം തുടങ്ങി

0

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ രാജ്യത്തെ വൻ നഗരങ്ങളിൽനിന്ന് മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് പലായനം തുടങ്ങി. ലോക്ഡൗൺ വന്നേക്കാമെന്ന ആശങ്കയും നഗരമേഖലയിൽ തൊഴിലില്ലായ്മ കൂടിയതുമാണ് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള പലായനത്തിനു കാരണം. കഴിഞ്ഞതവണ മുന്നറിയിപ്പില്ലാതെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴുണ്ടായ ദുരിതത്തിന്റെ ഓർമകളും ഇവരെ തൊഴിലിടങ്ങൾ വിട്ട് നാട്ടിലേക്കു പോകാൻ പ്രേരിപ്പിക്കുന്നു.

നഗരം വിടുന്നവരുടെ തിരക്കുകാരണം മുംബൈയിൽനിന്ന് പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് റെയിൽവേ പ്രത്യേക വണ്ടികൾ ഓടിച്ചുതുടങ്ങി. മധ്യ റെയിൽവേയും പശ്ചിമ റെയിൽവേയും മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽനിന്ന് ഒരാഴ്ചയ്ക്കിടെ അമ്പതിലേറെ പ്രത്യേക വിണ്ടികൾ ഓടിച്ചു. ഇവയിലേറെയും ബിഹാർ, യു.പി. എന്നിവിടങ്ങളിലേക്കാണ്. വെള്ളിയാഴ്ച വൈകീട്ടുമുതൽ തിങ്കളാഴ്ച രാവിലെവരെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികൾ സ്വന്തം നാടുകളിലെത്താൻ തിടുക്കം കാട്ടിത്തുടങ്ങിയത്. എന്നാൽ, തൊഴിലാളികളുടെ തിരക്കല്ല, സാധാരണ വേനൽക്കാലത്തുണ്ടാകാറുള്ള തിരക്കാണ് ഇപ്പോഴുള്ളതെന്നാണ് റെയിൽവേ പറയുന്നത്.

ഡൽഹിയിലാകട്ടെ അന്തഃസംസ്ഥാന ബസ് ടെർമിനലുകളുള്ള ആനന്ദ് വിഹാർ, സരായ് കലേഖാൻ, കശ്മീരിഗേറ്റ് എന്നിവിടങ്ങളിൽ കുടുംബസമേതമെത്തുന്ന മറുനാടൻ തൊഴിലാളികളുടെ തിരക്കേറിത്തുടങ്ങി.

ചെന്നൈയിൽ നൂറുകണക്കിനാളുകളാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനുമുന്നിൽ കാത്തുനിൽക്കുന്നത്. ഹൗറ, പട്ന, ലഖ്നൗ, ഗുവാഹാട്ടി, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കു മടങ്ങുന്ന തൊഴിലാളികളാണിവർ. ചെന്നൈ സെൻട്രലിലെയും സമീപ റെയിൽവേ സ്റ്റേഷനുകളിലെയും റിസർവേഷൻ കൗണ്ടറുകളിലും മറുനാടൻ തൊഴിലാളികളുടെ നീണ്ടവരി കാണാം.

കഴിഞ്ഞതവണത്തെ ലോക്ഡൗണിൽ നാടുകളിലെത്താൻ കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന മറുനാടൻ തൊഴിലാളികളിൽ എൺപതോളംപേർ ആഹാരമില്ലാതെയും നിർജലീകരണംകാരണവും മരിച്ചെന്നാണ് റിപ്പോർട്ട്. റോഡപകടങ്ങളിലും ഒട്ടേറെപ്പേർ മരിച്ചു.

അതിനിടെ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മ 7.24 ശതമാനമായി ഉയർന്നെന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഇ.ഐ) റിപ്പോർട്ട് പുറത്തുവന്നു. ഗ്രമീണമേഖലയിലെ തൊഴിലില്ലായ്മ 6.19 ശതമാനമാണെന്നാണ് റിപ്പോർട്ട്.

English summary

As the second wave of Kovid intensified, a large number of migrant workers from major cities across the country began to flee home.

Leave a Reply