മേയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സി.പി.എം. സ്ഥാനാർഥികളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിശ്ചയിക്കും

0

തിരുവനന്തപുരം:മേയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സി.പി.എം. സ്ഥാനാർഥികളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിശ്ചയിക്കും. അടുത്തയാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിലാണെങ്കിലും ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുക്കും.

മൂന്നുസീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നിയമസഭയിലെ കക്ഷിബലമനുസരിച്ച് ഒരു സീറ്റിൽ പ്രതിപക്ഷത്തുനിന്നുള്ള സ്ഥാനാർഥി വിജയിക്കും. ഭരണപക്ഷത്തിനുകിട്ടുന്ന രണ്ടുസീറ്റും സി.പി.എമ്മിനായിരിക്കും. ഇതുസംബന്ധിച്ച് കക്ഷിനേതാക്കൾക്കിടയിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.

ഒരു സീറ്റ് സി.പി.എം. സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്‌ നൽകാനാണു സാധ്യത. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയർന്നെങ്കിലും രാജ്യസഭയിൽ പാർട്ടിനേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം എളമരം കരീമിന് സീറ്റ് നൽകുകയായിരുന്നു. ചെറിയാൻ ഫിലിപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാഞ്ഞതും രാജ്യസഭ ഉദ്ദേശിച്ചാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ലഭിക്കുന്ന മറ്റൊരു സീറ്റിലേക്ക് നിലവിൽ മന്ത്രിസഭയിൽനിന്ന് ഒഴിയുന്ന പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക്, മുതിർന്ന നേതാവായ ജി. സുധാകരൻ എന്നിവരെ ആരെയെങ്കിലും പരിഗണിക്കാം. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാൻസഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും പരിഗണിക്കപ്പെടാം.

കെ.കെ. രാഗേഷും എം.എം. വർഗീസും പരിഗണനയിൽ

ന്യൂഡൽഹി:ഇപ്പോൾ കാലാവധി പൂർത്തിയാവുന്ന സി.പി.എം. അംഗം കെ.കെ. രാഗേഷിന് ഒരവസരംകൂടി നൽകണമെന്ന ആവശ്യം നേതൃത്വത്തിൽ ശക്തം. രാഗേഷ് ഒറ്റത്തവണ മാത്രമേ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ.

കിസാൻസഭാ ദേശീയനേതാവെന്ന നിലയിലും രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗമെന്ന നിലയിലും രാഗേഷിനു രണ്ടാം ടേം നൽകണമെന്നാണ് ആവശ്യം. കേന്ദ്രനേതൃത്വത്തിന് ഇതിൽ എതിർപ്പില്ലെങ്കിലും പാർട്ടിയുടെ അഖിലേന്ത്യാ സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചവർക്കേ ഇതുവരെ രണ്ടാം ടേം നൽകിയിട്ടുള്ളൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസാണ് പരിഗണനയിലുള്ള മറ്റൊരാൾ

English summary

As the Rajya Sabha elections are scheduled for May 2, the CPM Candidates will be decided at the State Secretariat, which convenes on Friday

Leave a Reply