രാഷ്ട്രീയപ്പോര് കോടതിയിലെ നിയമപോരാട്ടം കൂടിയായതോടെ ഖജനാവിൽനിന്ന് വക്കീൽ ഫീസായി സർക്കാർ ചെലവഴിക്കുന്ന തുക ഓരോ സർക്കാരിന്റെ കാലത്തും കൂടുകയാണ്

0

കൊച്ചി:രാഷ്ട്രീയപ്പോര് കോടതിയിലെ നിയമപോരാട്ടം കൂടിയായതോടെ ഖജനാവിൽനിന്ന് വക്കീൽ ഫീസായി സർക്കാർ ചെലവഴിക്കുന്ന തുക ഓരോ സർക്കാരിന്റെ കാലത്തും കൂടുകയാണ്. മാർച്ച് നാലുവരെയുള്ള കണക്കുപ്രകാരം പിണറായി സർക്കാർ 17,86,89,823 രൂപയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താൻ പുറത്തുനിന്നുള്ള അഭിഭാഷകർക്കു നൽകിയത്.

ലൈഫ് മിഷൻ കേസ്, ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിലും സർക്കാരിനായി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. ഇവർക്കു നൽകിയ തുകയെക്കുറിച്ചുള്ള വിവരം ഉൾപ്പെടുത്താത്ത കണക്കാണിത്.

പിണറായി സർക്കാരിനു മുമ്പ്‌ അധികാരത്തിലിരുന്ന ഉമ്മൻചാണ്ടി സർക്കാരും കേസ് നടത്താൻ ഖജനാവിൽനിന്ന് വൻ തുക ചെലവിട്ടു. 12,17,51,220 രൂപയാണ് അവർ ചെലവഴിച്ചത്.

നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോഴാണ് കോടികൾ മുടക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടുന്നത്. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള സർക്കാർ അഭിഭാഷകർക്ക് ശന്പളം നൽകാൻ മാസം 1.54 കോടിയാണു ചെലവഴിക്കുന്നത്.

സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് നടത്താൻ 19 ലക്ഷം രൂപ ചെലവഴിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജിയിൽ 20.90 ലക്ഷം രൂപ ചെലവഴിച്ചു. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ 8.25 ലക്ഷം രൂപയും ചെലവഴിച്ചു.

ഹൈക്കോടതിയിൽ കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകർക്ക് വിമാനയാത്രാക്കൂലി ഇനത്തിൽ 25.55 ലക്ഷവും താമസസൗകര്യത്തിനായി 10.57 ലക്ഷവും ചെലവഴിച്ചു. പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡൻറും എറണാകുളം സ്വദേശിയുമായ എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

സോളാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയെ എതിർക്കാനാണ് വക്കീൽ ഫീസായി പിണറായി സർക്കാർ ഏറ്റവുമധികം പണം ചെലവഴിച്ചത്- 1.20 കോടി. സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത് കുമാർ അടക്കമുള്ളവർ ഈ കേസിൽ സർക്കാരിനായി ഹാജരായി.

കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിർക്കാൻ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കായി സർക്കാർ 98.81 ലക്ഷം രൂപ ചെലവഴിച്ചു.

English summary

As the political battle intensifies with the legal battle in the courts, the amount the government spends on attorney fees from the treasury increases with each government.

Leave a Reply