ഹരിദ്വാർ: ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കുംഭമേള കോവിഡിന്‍റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. ഞായറാഴ്ച ഹരിദ്വാറിൽ 372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 7,323 സജീവ കേസുകളാണ് നിലനിൽക്കുന്നത്. ഇതുവരെ ആകെ 1,08,812 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,760 പേർ മരിച്ചു.
‘ഷാഹി സ്നാൻ’ നടക്കുന്ന സ്ഥലമായ ഹരിദ്വാറിലെ ഹാർ കി പൗരിയിൽ ഞായറാഴ്ച വൻ ജനക്കൂട്ടമായിരുന്നു. ഇവരിൽ ഭൂരിപക്ഷം പേരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഞായറാഴ്ച ഹർ കി പൗരിയിൽ നടന്ന റാൻഡം പരിശോധനയിൽ കുറഞ്ഞത് ഒമ്പത് പേർക്കെങ്കിലും രോഗം കണ്ടെത്തി. അഖിൽ ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനും കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്ന വലിയ ചടങ്ങാണ് കുംഭമേള. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടൻ കേന്ദ്രത്തിന്‍റെ മാർഗരേഖ നിർത്തിവച്ചിരുന്നു. സംസ്ഥാന സർക്കാർ സ്വന്തംനിലയ്ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു
English summary
As the Kumbh Mela in Haridwar, Uttarakhand approaches, Kovid’s rise raises concern