കലവൂർ (ആലപ്പുഴ) ∙ ഉറക്കത്തിനിടെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേൽ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാർഡിൽ പല്ലന തൈവയ്പ്പിൽ വീട്ടിൽ പരേതനായ മണിയന്റെ മകൻ മനു (37) ആണു ദാരുണമായി മരിച്ചത്. ഞായർ പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ വളവനാട് കോൾഗേറ്റ് ജംക്‌ഷനിൽ ആയിരുന്നു അപകടം. കോൺക്രീറ്റ് സ്ലാബ് നിർമാണ തൊഴിലാളിയായ മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയിൽനിന്ന് മിനിലോറിയിൽ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.
തൊഴിൽ ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിന്നിലായിരുന്നു മനു ഇരുന്നത്; മറ്റുള്ളവർ മുന്നിലും. ലോറിയുടെ ഡ്രൈവറും ക്ലീനറും വളവനാട്ടുനിന്ന് നാൽപതോളം കിലോമീറ്റർ പിന്നിട്ട് തൃക്കുന്നപ്പുഴയിൽ എത്തിയ ശേഷമാണ് മനുവിനെ കാണാതായെന്ന് അറിഞ്ഞത്.
ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കുറിയർ സർവീസ് വാൻ ഡ്രൈവർ, മനു റോഡിൽ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ കാറിൽ വന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഈ ദൃശ്യം കണ്ട് വാൻ തടഞ്ഞുനിർത്തുകയായിരുന്നു. മനുവിന്റെ ശരീരം വാനിന്റെ ചക്രങ്ങളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു.
ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അപകടം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങൾ ലഭിച്ചത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്.
അവിവാഹിതനാണു മനു. വിമലയാണു മനുവിന്റെ അമ്മ. സഹോദരങ്ങൾ: സിനി (അങ്കണവാടി ഹെൽപർ), പരേതരായ മിനി, സുനിൽ.
English summary
Another lorry rammed into the young man, who fell off the lorry into the road while he was asleep