തൃശൂർ ∙ ചേറ്റുവയിൽ നിന്ന് 24 ദിവസം മുൻപു കാണാതായ പ്ലസ്‍വൺ വിദ്യാർഥി അമൽ കൃഷ്ണ ഒരുവട്ടം പോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. കാണാതാകുംമുൻപ് അമൽ പണം കയ്യിലെടുത്തിരുന്നില്ല. അമ്മയുടെ ഫോണും തന്റെ എടിഎം കാർഡും മാത്രമേ അമലിന്റെ കൈവശമുണ്ടായിരുന്നുള്ളൂ. എടിഎം കാർഡിനു സമാനമായി മൊബൈൽ ഫോണും ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അമൽ എവിടെയെന്നതിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല.
ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ശിൽപയുടെയും മകനായ അമൽ പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ അമൽ പഠിക്കാൻ സമർഥൻ എന്നതിനൊപ്പം മികച്ച വ്യക്തിത്വത്തിനും ഉടമയായിരുന്നുവെന്നു വീട്ടുകാരും കൂട്ടുകാരും ഒരുപോലെ പറയുന്നു. അമലിന്റെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് അമലിനെ കാണാതാകുന്നതിനു മുൻപ് ഒരുമാസത്തിനിടെ 10,000 രൂപയോളം പിൻവലിക്കപ്പെട്ടിരുന്നു.
ബാങ്ക് ബാലൻസ് എത്രയെന്നു രക്ഷിതാക്കൾ ചോദിച്ചപ്പോഴെല്ലാം എടിഎം കാർഡ് തകരാറിലാണെന്നായിരുന്നു അമലിന്റെ മറുപടി. ഇക്കാര്യം പരിശോധിക്കാൻ അമ്മയ്ക്കൊപ്പം വാടാനപ്പിള്ളിയിലെ ബാങ്കിലെത്തിയതിനു പിന്നാലെയാണ് അമലിനെ കാണാതായത്. മാർച്ച് 18ന് ആയിരുന്നു സംഭവം. അമ്മയുടെ ഫോണും തന്റെ എടിഎം കാർഡും അമലിന്റെ കൈവശമുണ്ടായിരുന്നു. അന്നു രാത്രി 8ന് ഫോൺ ഒരുവട്ടം ഓൺ ആയെങ്കിലും പിന്നീട് ഓഫായി. എടിഎം കാർഡ് ഒരുവട്ടം പോലും ഉപയോഗിച്ചിട്ടുമില്ല.
English summary
Amal Krishna, a Plus One student who went missing 24 days ago from Chetuva, has never used an ATM card, police said.