തൊടുപുഴയ്ക്കടുത്ത് കുന്നത്ത് അയൽക്കാരിയായ സ്ത്രീയെ യുവതി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു

0

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് കുന്നത്ത് അയൽക്കാരിയായ സ്ത്രീയെ യുവതി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. തൊടുപുഴ കുന്നം സ്വദേശി അൻസിയ നിസാറിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ അന്‍സിയയുടെ അപകടനില തരണം ചെയ്തു. സംഭവത്തില്‍ കുന്നം സ്വദേശി ജിനു സിബിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. വെട്ടേറ്റ അൻസിയയും വെട്ടിയ ജിനുവും കുന്നം മുനിസിപ്പൽ കോളനിയിലാണ് താമസം. ഇരുവരും സുഹൃത്തുക്കളാണ്. ഉച്ചയ്ക്ക് വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അൻസിയയെയാണ്. ഈ സമയം ജിനുവും വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അൻസിയയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പൊലീസെത്തി മൊഴിയെടുത്തപ്പോൾ വെട്ടിയത് ജിനുവാണെന്ന് അൻസിയ അറിയിച്ചു. തുടർന്ന് ജിനുവിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ജിനു കുറ്റം നിഷേധിച്ചു. അൻസിയക്ക് 800 രൂപ കൊടുക്കാനുണ്ടായിരുന്നെന്നും ഇത് നൽകാനായി വീട്ടിലെത്തിയപ്പോൾ അൻസിയ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടെന്നുമാണ് ജിനുവിന്‍റെ മൊഴി.

തൊടുപുഴ പഴുക്കാകുളം സ്വദേശിയായ യുവാവുമായി അൻസിയക്ക് അടുപ്പമുണ്ടെന്നും ഇയാളാണ് അൻസിയയെ വെട്ടിയതെന്നും ജിനു മൊഴി നൽകി. അതേസമയം പൊലീസ് ഈ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ആക്രമണം നടന്ന സമയത്ത് ജിനുവിനെയല്ലാതെ മറ്റാരെയും അയൽക്കാർ ഈ ഭാഗത്ത് കണ്ടിട്ടില്ല. തുടരന്വേഷണത്തിന് ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു. പരിക്ക് ഗുരുതരമായതിനാൽ അൻസിയയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

English summary

A woman fatally mutilated a woman from Kunnath near Thodupuzha

Leave a Reply