പത്തനംതിട്ട: മിനിലോറിയിൽനിന്ന് പാചകവാതക സിലിണ്ടർ തെറിച്ചുവീണ് ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു. അമിതവേഗത്തിൽ പാഞ്ഞ ലോറിയിൽനിന്ന് വീണ സിലിണ്ടറാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേൽപ്പിച്ചത്. ഇളകൊള്ളൂർ സ്വദേശി ബിജുകുമാറിന്റെ മകൻ രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് കോന്നി-പൂങ്കാവ് റോഡിൽ ആനക്കടവിലായിരുന്നു സംഭവം. കോന്നിയിൽനിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയിൽനിന്നാണ് കാലി സിലിണ്ടർ തെറിച്ചുവീണത്. വീടിന്റെ വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. ലോറി നിർത്തി ഇറങ്ങിവന്ന ജോലിക്കാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടർ എടുത്തുകൊണ്ടുപോവുകയും ചെയ്തെന്ന് വീട്ടുകാർ പറയുന്നു.
അതുവഴി വന്ന കാറിൽ കയറ്റി കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു ശസ്ത്രക്രിയ നടത്തും