കൊച്ചി: രായമംഗലം പഞ്ചായത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഇരുന്നൂറോളം ആളുകൾ വരുമെന്നും ഇതേ തുടർന്ന് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ വേണ്ടി വരുമോ എന്നത് സംബന്ധിച്ച് ആലോചന യോഗം നടക്കുകയാണ്.
കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ രായമംഗലം പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റാൻഡം ടെസ്റ്റ് നടത്തും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 13, 14വാർഡുകളിൽ പനി ഉള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.
രായമംഗലം പഞ്ചായത്തിൽ കോവിഡ് ബാധിച്ചു മരിച്ച പുല്ലുവഴി മനയ്ക്കപ്പടി പൊന്നേമ്പിള്ളി പി.കെ.ബാലകൃഷ്ണൻ നായരുടെ മരണത്തേ തുടർന്ന്സമ്പർക്കപ്പട്ടികയിൽ 46 പേർ നിരീക്ഷണത്തിലാണ് ഇവരുടെ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും.
വളയൻചിറങ്ങരയിലെ ആശുപത്രി, കീഴില്ലം സഹകരണ ബാങ്കിന്റെ വളയൻചിറങ്ങര ശാഖ, എസ്ബിഐ ശാഖ എന്നിവിടങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയെന്നു ബോധ്യമുള്ളവർ സ്വയം ക്വാറന്റീനിൽ പോകണമെന്ന് രായമംഗലം പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളായ 5 പേരുടെ സ്രവം പരിശോധന ഫലം ഇന്നോ നാളെയോ വന്നേക്കും. ഇവർ വീട്ടിൽ ക്വാറന്റീനിലാണ്. പനി ബാധിച്ച ബാലകൃഷ്ണൻ കഴിഞ്ഞ 7ന് രാവിലെ വളയൻചിറങ്ങരയിലെ സെന്റ് ബേസിൽ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.
ശ്വാസതടസ്സവും പനിയും രൂക്ഷമായതോടെ 9ന് രാത്രി അഡ്മിറ്റ് ചെയ്തു. 10ന് രാവിലെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. വളയൻചിറങ്ങരയിലെ ആശുപത്രിയിലെ 2 ഡോക്ടർമാരും നഴ്സുമാരും അടക്കം ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. 8ന് രാവിലെ 11ന് കീഴില്ലം സഹകരണ ബാങ്ക് വളയൻചിറങ്ങര ശാഖയിലും 11.45നും 12.45നും ഇടയിൽ വളയൻചിറങ്ങര എസ്ബിഐ ശാഖയിലും എത്തി.ആലുവയിൽ കെഎസ്ഇബി ജീവനക്കാരനായ മകൻ പി.ബി.അജയനും മറ്റു കുടുംബാംഗങ്ങൾക്കും ദിവസങ്ങൾക്കു മുൻപു പനി ബാധിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വളയൻചിറങ്ങരയിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിലാണ് ബാലകൃഷ്ണൻ നായർക്ക് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ഇദ്ദേഹം കുറച്ചു ദിവസം മുൻപു സഹോദരന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഭാര്യ കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു. അജയന്റെ മക്കൾ ട്യൂഷനും പോയിട്ടുണ്ട്.കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 13, 14വാർഡുകൾ നിശ്ചലമായി. പുറത്തേക്കും അകത്തേക്കുമുള്ള വഴികൾ പൊലീസും ജനപ്രതിനിധികളും ചേർന്ന് അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തേക്കു പോകാൻ അനുവാദമുള്ളൂ.
English summary
Covid confirmed three more in Rayamangalam panchayath. Panchayat officials said the infection was spread through contact